Tuesday, 22 May 2012

ഉപാധി



അവന്‍ അവളോട്‌ പറഞ്ഞു
'ഞാന്‍ നിന്നെ സ്നേഹിക്കുന്നു'
 "സ്നേഹം!!! ?"
'അതെ  ഉപാധികള്‍ ഇല്ലാത്ത സ്നേഹം'  
"ഉപാധികളോ?"
'അതെ ഉപാധികള്‍ ഇല്ലാതെ നമുക്ക്  സ്നേഹിക്കാം '
അവള്‍ ചിരിച്ചു ....
- ഉപാധികളില്ലാത്ത സ്നേഹം - 
അതും ഒരു ഉപാധിയല്ലേ?

Monday, 7 May 2012

സ്വപ്നം


സ്വപ്നം 

രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ നിദ്രയുടെയും  നിനവിന്റെയും നേര്‍ത്ത നൂല്‍പ്പാലത്തിലൂടെ സഞ്ചരിയ്ക്കവേ...എന്‍റെ സ്വപ്നങ്ങളിലേയ്ക്ക് നീ കടന്നു വന്നുഅവ്യക്തമായിരുന്നു നിന്‍ രൂപവും ഭാവവും..നിലാവു വിരിഞ്ഞ നാട്ടിട വഴികളിലൂടെഅപരിചിതത്തിന്റെ നൂലിഴകള്‍ പൊട്ടിച്ചു നാം നടന്നു...മഴയില്‍ കുതിര്‍ന്നു പോയ ശലഭത്തെക്കുറിച്ചും കിഴക്കോട്ടൊഴുകുന്ന നദികളെകുറിച്ചും നീ പറഞ്ഞുകൊണ്ടേയിരുന്നു എനിയ്ക്കും പറയാന്‍ ഉണ്ടായിരുന്നുഒക്കെയും എന്‍റെ സങ്കടങ്ങളുംനഷ്ട്ടങ്ങളും ആണെന്ന ഓര്‍മ്മയില്‍ ഞാന്‍ മൌനം പാലിച്ചു..നടക്കുന്ന വഴികളില്‍ നിന്‍റെ മുദ്രപതിഞ്ഞിരിക്കണം എന്ന വാശിയോടെ നീ നടന്നു, നിന്‍റെ കാലടിപാടുകള്‍പതിച്ചു കൊണ്ട് ....എവിടെയൊക്കെയോ എന്തൊക്കെയോ സമാനതകള്‍ ഉണ്ടെന്ന തിരിച്ചറിവില്‍ ഞാനും കൂടെ നടന്നു.......നിദ്രയില്‍ നിന്നും ഉണര്‍വിലേയ്ക്ക് ............

Sunday, 6 May 2012

മഴതുള്ളി

മഴതുള്ളി
മഴ പെയ്തു തീര്‍ന്നു.. ഇനി മരം പെയ്യുകയാണ്...ഇല തുമ്പുകളില്‍ എല്ലാം പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍...മഴക്കാറുകള്‍ക്കിടയിലൂടെ എത്തിനോക്കിയ സൂര്യ രശ്മി  ഏറ്റു മഴത്തുള്ളി തിളങ്ങവേ...ഭൂമിയില്‍  ഏറ്റവും മനോഹരമായി വേറെ ഒന്നുമില്ലെന്ന് തോന്നി... അടുത്ത നിമിഷം ഇല തുമ്പില്‍ നിന്നും ഊര്‍ന്നു  വീണു....ഒരു മഴത്തുള്ളിയായ് പൊഴിയവേ.....എന്‍റെ സ്വപ്നങ്ങളും തറയില്‍ തട്ടി ചിതറിതെറിയ്ക്കുന്നത്‌ ഞാന്‍ കണ്ടു...