Wednesday 8 April 2015

അശ്രു കണങ്ങള്‍ വീണു ചാലു കീറിയ
നിന്‍റെ കവിള്‍ത്തടങ്ങളിലൂടെ 
എന്‍റെയീ നേര്‍ത്ത കൈവിരലുകള്‍ 
ഓടിയ്ക്കുമ്പോള്‍ .......ഞാനറിയുന്നു ..
 ഇറങ്ങിപ്പോയവര്‍ 
അവശേഷിപ്പിച്ച മുറിപ്പാടുകളാണ് ...
നിന്‍റെ മുഖമാകെയെന്ന് ....
വരണ്ട കാറ്റിനെ തടുത്തു നിര്‍ത്താന്‍ ....
ഉയരുന്ന മണല്‍ക്കാറ്റിനെ എതിരിടാന്‍....
നിന്‍റെ മുറിവുകളില്‍ ഒരു കുളിര്‍തെന്നലായി 
ഞാനുമുണ്ടാവും.........

Sunday 28 December 2014

കാത്തിരുപ്പ്

മഞ്ഞില്‍ കുളിച്ച പ്രഭാതങ്ങളില്‍ 
ഞാന്‍ നിന്നെയും കാത്തിരുന്നു
മഞ്ഞു വീണ നനഞ്ഞ 
നാട്ടിടവഴികളിലൂടെ 
കൈ കോര്‍ത്തു നടക്കുവാനായ് 

ചുവപ്പുരാശി വീണ 
പ്രദോഷങ്ങളിലും 
നിന്‍റെ നിഴല്‍ 
കടന്നു വരുന്നുണ്ടോ 
എന്നു ഞാന്‍  വഴിയിലേയ്ക്ക്
കണ്ണുകള്‍ പായിച്ചു...

പടിപ്പുര വാതില്‍ കൊട്ടിയടച്ച്
നിശബ്ദ്തത തിങ്ങിയ ഇടനാഴികളിലൂടെ
എന്‍റെ മുറിയുടെ  സ്വര്‍ഗത്തിലേയ്ക്ക് 
ചേക്കേറുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ല
തണുത്തുറഞ്ഞ രാവുകളില്‍ 
നീയെന്നെയും കാത്തിരിയ്ക്കുന്നത് 

എനിക്കു തെറ്റിയ വഴികളെല്ലാം
നിന്നിലേക്കുള്ളതായിരുന്നു
എന്ന് ആരോ പറഞ്ഞ 
തിരിച്ചറിവ് ഇന്നെനിയ്ക്കും 
തിരിച്ചറിവുണ്ടാക്കിയിരിയ്ക്കുന്നു...

Friday 26 December 2014

നിശബ്ദത

എന്‍റെ ചുറ്റും നിശബ്ദതയാണ്
മുന്‍പിലും പിന്‍പിലും ഇരു-
വശങ്ങളിലും നിശബ്ദത
എന്‍റെ കാല്‍പ്പാദങ്ങളോ
എന്‍റെ ശ്വാസ നിശ്വാസങ്ങളോ
നിശബ്ദതയെ ഭേദിയ്ക്കുന്നില്ല
എന്‍റെ ചുണ്ടുകള്‍ പോലൂമീ
നിശബ്ദതയെ പേടിയ്ക്കുന്നു....
അവസാനം നിശബ്ദതയുടെ
നീരാളികൈകള്‍ എന്നെ
വരിഞ്ഞുമുറുക്കി ശ്വാസം
മുട്ടിയ്ക്കുന്നു.....
അങ്ങനെ....
നിശബ്ദതയുടെ ...
നിത്യ താഴ്വരയിലേയ്ക്ക്....

Friday 29 March 2013

നുറുങ്ങു കവിതകള്‍


ഭീരുത,  മരണ ഭീരുത ...
ചെന്നായ്ക്കള്‍ പായുന്നു 
കഴുകന്‍ പറക്കുന്നു 
പിടഞ്ഞു വീഴുന്നൂ  
ഹിന്ദുവോ ക്രിസ്ത്യനോ 
മുസ്ലീമോ അറിയില്ലയെന്നാലും 
ചെന്നിണം ഒഴുകുന്നൂ 
ഒഴുകി പരക്കുന്നു 
വാനിലും ഭൂവിലും ചെന്തീ 
നിറം തന്നെ...
---------------------------------------------------------
എനിയ്ക്കിന്നു പൌര്‍ണമിയാണ് 
 മേഘങ്ങളെ  കൈക്കുടന്നയില്‍ 
എടുക്കാന്‍ 
എന്റെ ഹൃദയത്തിലൊളിപ്പിക്കാന്‍ 
എന്റെ സ്വപ്നങ്ങളിലേക്കുള്ള
വാതായനങ്ങളായ്
നിന്നിലെ നീര്‍ത്തു ള്ളികള്‍ക്കൊപ്പം…..
വെണ്മനിറഞ്ഞ നിലാവുപോലെ
എന്നിലേക്കായ് പെയ്തിറങ്ങാന്‍........... ........... 
ഇന്ന് പൌർണ്ണമി...
--------------------------------------------------------------
നൊമ്പരത്തിൻറെ ഭംഗി..


ആര്‍ദ്രമായ്‌ കിനിയുന്ന 

സ്നേഹത്തിന്‍ ഭംഗി...

പറയാതെ അറിയുന്ന 
ആത്മാവിന്‍ ഗീതം പോല്‍...
നൊമ്പരത്തിന്‍ സുഗന്ധത്തില്‍
മയങ്ങിടുന്നു മനമൊക്കെയും
------------------------------
ഒരു കുടച്ചിലിൽ വീണുപോകാതെ 
ചിതലരിയ്ക്കാത്ത ചിത്രങ്ങളുമായ് 
കാത്തിരിയ്ക്കുന്നു ഞാൻ 
ഹൃദയ ധമനിയിൽ രക്തം കിനിക്കും 
ഒർമകളു മായ് ..............
-----------------------------
എഴുതുവാനാവില്ലെനിയ്ക്കെന്റെ നോവുകൾ 
മായ്ക്കുവാനുമാവില്ലെന്റെ ഓർമ്മകൾ 
ഭീതികൾ ഇല്ലയെനിക്കിന്നു 
നോവും കനവുകളും ഓർമകളും മാത്രം 
---------------------------------------
ഓർമ്മയും അന്യമായീയെന്നോ
എന്നോർമമ തൻ അറയുടെ
നിലാവ് പെയ്യുന്ന സ്വപ്നങ്ങളെ
മറയ്ക്കായ്ക നീ...................
-------------------------------

നിലാവിതൾ  വിരിച്ച നാട്ടു വഴിയിലൂടെ 
രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ 
നിന്റെ കൈ കോർത്ത്‌ നടക്കവേ 
എന്റെയും പ്രാർത്ഥന ഇതു 
മാത്രമായിരുന്നു....... ഈ രാവ് 
അവസാനിയ്ക്കാതിരുന്നെങ്കിൽ ..............
----------------------------------------

Tuesday 4 December 2012

വിധി


എന്റെ വിധിയ്ക്കായി ഞാന്‍ കാത്തിരിയ്ക്കുന്നു...
ചിന്തകളില്‍ കനലുകള്‍ കോരിയിട്ടു 
വാക്കുകളില്‍ കൂര്‍ത്ത മുള്ളുകളും ആയി 
നീ വരുന്നതും കാത്തു ഞാനിരിയ്ക്കുന്നു..
വാക്കിലും നടപ്പിലും നോട്ടത്തിലും 
ഞാന്‍ മാന്യത നിറയ്ക്കുന്നുവെങ്കിലും 
നിന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ 
അതൊന്നും ഒന്നുമല്ലാതായി 
തീരുന്നതും ഞാനറിയുന്നു...
നിന്റെ വരവിന്റെ ഉഷ്ണക്കാറ്റില്‍ 
എന്റെ ശരീരം കരിയില പോലെ 
വിറയ്ക്കുന്നു......